കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്‌തെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. നിരവധി പേർ ദിശയുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിശയെ വിട്ടയക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.

ആയുധം കയ്യിലുള്ളവർ നിരായുധയായ ഒരു പെൺകുട്ടിയെ ഭയപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിരായുധയായ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ എല്ലാവരിലും പരത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്ത് ഒരിക്കലും നിശബ്ദരാകാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്നും രാഹുൽ പറഞ്ഞു.

ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസിന്റേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. ജനങ്ങളെ അപമാനിക്കുന്നതാണ് അറസ്റ്റെന്നായിരുന്നു ജയരാജ് രമേശ് എം.പിയുടെ അഭിപ്രായം. സർക്കാർ നീക്കം ഗുരുതര അരക്ഷിതാവസ്ഥയുടെ തെളിവെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും കുറ്റപ്പെടുത്തി.