ന്യൂഡല്‍ഹി :രാജ്യ വ്യാപകമായി നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ടോള്‍ പിരിവിനായുള്ള ഇലക്‌ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളില്‍ നാളെ മുതല്‍ ഇത് നിര്‍ബന്ധമാക്കും.

ഇതിനകം തന്നെ ദേശീയ പാതകളിലൂടെ ശേഖരിയ്ക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

ടോള്‍ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടു നല്‍കുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കാകും ഇതോടെ രാജ്യത്തെ ടോള്‍ പ്ലാസകള്‍ നാളെ മുതല്‍ മാറുക. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ലൈനിലൂടെ മാത്രമേ പണം നല്‍കി കടന്നു പോകാന്‍ സാധിയ്ക്കൂ.

ഫാസ്ടാഗിന്റെ ലൈനില്‍ ടാഗില്ലാതെ വാഹനങ്ങള്‍ എത്തിയാല്‍ ഇരട്ടി തുക ടോളായി ഈടാക്കും. മുന്‍പ് പല തവണ പ്രഖ്യാപിച്ച ശേഷം ഫാസ്ടാഗ് കരസ്ഥമാക്കാന്‍ സമയം ദീര്‍ഘിപ്പിച്ച്‌ നല്‍കുകയായിരുന്നു.