ബ്രിസ്ബെയ്നിലെ ഗബ്ബയില്‍ ഇന്ത്യ നേടിയ ചരിത്ര വിജയ നിമിഷത്തെക്കുറിച്ച്‌ ഓര്‍ക്കുകയാണ് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ റിഷഭ് പന്ത്. അവസാന ഷോട്ട് നേരിടുമ്ബോള്‍ തന്റെ മനസില്‍ എന്തായിരുന്നുവെന്ന് സ്‌പോര്‍ട്സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുകയാണ് പന്ത്. അവസാന ഘട്ടത്തില്‍ തന്റെ ബാറ്റിങ് പാര്‍ട്ണറായ നവ്ദീപ് സൈനിയുടെ പരുക്ക് പോലും മറന്ന്, അദ്ദേഹത്തോട് മൂന്നു തവണ ഓടാന്‍ നിര്‍ബന്ധിച്ചുവെന്ന് പന്ത് വെളിപ്പെടുത്ത്.

ഇന്ത്യയ്ക്ക് ജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് ഫോറടിച്ച്‌ പന്ത് ചരിത്ര വിജയം തീര്‍ത്തത്. “ആ ഷോട്ട് ബാറ്റിന്റെ അടിയില്‍ തട്ടിയതായാണ് എനിക്ക് തോന്നിയത്. ഔട്ട്ഫീല്‍ഡും മന്ദഗതിയിലായിരുന്നു. ബോള്‍ നീങ്ങുമ്ബോള്‍ തന്നെ സൈനിയോട് ഞാന്‍ രണ്ടല്ല, മൂന്ന് വേണമെന്ന് പറയുന്നുണ്ടായിരുന്നു. സൈനിയുടെ പരുക്ക് എന്റെ മനസില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ വേഗം ഓടുകയായിരുന്നു.”

“ആദ്യ റണ്‍ ഞാന്‍ കണ്ണുമടച്ച്‌ ഓടി. രണ്ടാമത്തെ റണ്ണിനായി ഓടുമ്ബോള്‍ മിഡ് ഓഫ് ഫീല്‍ഡര്‍ ബോളിനു പുറകേയെല്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇയാളെന്താ ഓടാത്തതെന്ന് ഞാന്‍ അതിശയിച്ചു. അപ്പോഴാണ് ബോള്‍ ബൗണ്ടറി ലൈനിലേക്ക് പോകുന്നത് ഞാന്‍ കണ്ടത്. അപ്പോള്‍ എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു. അപ്പോഴും ഞാന്‍ സൈനിയോട് മൂന്ന്, നമുക്ക് മൂന്ന് ഓടണമെന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു. സൈനി ഒറ്റകാലുമായാണ് ഓടുന്നത്. അത് രസകരമായിരുന്നു,” പന്ത് പറഞ്ഞു.

ഇന്ത്യ ഐതിഹാസിക വിജയം നേടിയ മത്സരത്തില്‍ പുറത്താകാതെ 89 റണ്‍സാണ് പന്ത് നേടിയത്.