കൊടുവായൂര്‍ : കാക്കയൂരില്‍ നിയന്ത്രണം തെറ്റിയ പിക്കപ് വാന്‍ തോട്ടിലേക്കു തലകീഴായി മറിഞ്ഞു. മറ്റൊരുവാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് അപകടം. അപകടത്തില്‍ പിക്കപ്പിന്റെ ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു. നെന്മാറയിലെ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരായ ഡ്രൈവര്‍ ലിന്റോ (37), സഹായി അഖില്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊടുവായൂര്‍ ഭാഗത്തുനിന്ന് നെന്മാറയിലേക്ക് വന്ന പിക്കപ്പ് വാന്‍ ബുധനാഴ്ച വൈകീട്ട് 6.20-ന് കാക്കയൂരില്‍ വലതുഭാഗത്തേക്ക് കയറി മലക്കം മറിയുകയായിരുന്നു. അപകടംകണ്ട സമീപവാസികള്‍ വാഹനത്തിനകത്ത് കുടുങ്ങിയവരെ ഉടന്‍ പുറത്തെടുത്തു. തോട്ടില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ കാര്യമായ പരിക്കുണ്ടായില്ല.