കൊച്ചി : എല്ഡിഎഫിന്റെ അധികാരത്തുടര്ച്ചയുടെ സൂചനകള് മാധ്യമങ്ങളെ അസ്വസ്ഥമാക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. കെഎസ്ടിഎ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘വിചാരണ ചെയ്യപ്പെടുന്ന മാധ്യമ അജന്ഡകള്’ വിഷയത്തില് നടന്ന സെമിനാറില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ ഭരണകൂടം തങ്ങള്ക്കനുകൂലമായ പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്താന് നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് അപകടകരമായ പരീക്ഷണമാണെന്ന് പി രാജീവ് പറഞ്ഞു. ഭരണകൂടത്തിന് ആഭ്യന്തര പ്രതിസന്ധികള് ഉണ്ടാകുമ്പോള് അതിര്ത്തിയില് യുദ്ധമുണ്ടാകുന്നു. ഇതിലൂടെ കപട ദേശീയവികാരം ഉയര്ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിന്റെ ഏറ്റവും ഭീതിജനകമായ അവസ്ഥയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില് മാധ്യമങ്ങള് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്, കേരളത്തിലേക്ക് എത്തുമ്പോള് അത് അപ്രഖ്യാപിത വിമോചനസമരമായി മാറുന്നെന്നും അ?ദ്ദേഹം പറഞ്ഞു. എല്ഡിഎഫിന്റെ അധികാരത്തുടര്ച്ചയുടെ സൂചനകള് മാധ്യമങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.