ഹൂസ്റ്റൺ ∙ മിസൗറി സിറ്റിയുടെ 12–ാം മത് മേയറായി അഭിമാന വിജയം കരസ്ഥമാക്കിയ റോബിൻ ഇലക്കാടിന് കോട്ടയംകാരുടെ സംഘടനയായ കോട്ടയം ക്ലബ്ബ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജനുവരി 10ന് വെർച്ച്വൽ മീറ്റിംഗിലായിരുന്നു സ്വീകരണം. ലക്ഷ്മി പീറ്റർ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി മേയർക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി മേയറെ കോട്ടയം ക്ലബ്ബിന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

ചെയർമാൻ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ തന്റെ പ്രസംഗത്തിൽ കോട്ടയംകാരനായ മേയറെ പ്രകീർത്തിച്ചു മറുപടി പ്രസംഗത്തിനായി മേയർ റോബിനെ ക്ഷണിച്ചു. മേയർ റേബിൻ തന്റെ പ്രസംഗത്തിൽ മിസൗറി സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകിയതിന്റെ ഫലമാണ് ഈ ചരിത്ര വിജയമെന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.
ആശംസാപ്രസംഗകരായ അഡ്‍വൈസറി ബോർഡ് ചെയർമാൻ തോമസ് കെ. വർഗീസ്, മുൻ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ജയിംസ് കൂടൽ, ജോബി ജോർജ് ഫിലഡൽഫിയ, ജോമോൻ ഇടയാടി തുടങ്ങിയവർ അവരുടെ ദൗത്യത്തോടു അങ്ങേയറ്റം നീതിപുലർത്തി. കലാപരിപാടികളും ഉണ്ടായിരുന്നു. സുകു ഫിലിപ്പിന്റെ ഗാനാലാപം മധുരമനോഹരമായിരുന്നു. ലക്ഷ്മി സ്കൂൾ ഓഫ് ഡാൻസിന്റെ സമൂഹനൃത്തം നല്ല നിലവാരം പുലർത്തി. ലക്ഷ്മി പീറ്ററായിരുന്നു എം സി ആയി പ്രവർത്തിച്ചത്.

കോട്ടയം ക്ലബ്ബ് ഭാരവാഹികളായ മാത്യു പന്നാപ്പാറ, മോൻസി കുര്യാക്കോസ്, ചാക്കോ ജോസഫ്, കുര്യൻ പന്നാപ്പാറ, ആൻഡ്രൂസ് ജേയ്ക്കബ് മധുചേരിയ്ക്കൽ, അജി കോര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ഷിബു മാണി കൃതജ്ഞത രേഖപ്പെടുത്തി. ഫിലഡൽഫിയായിലെ കോട്ടയം അസോസിയേഷന്റെ ഭാരവാഹികളുടെ സാന്നിധ്യം ഈ പരിപാടികൾക്ക് മാറ്റുകൂട്ടി.