സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ നെല്‍കൃഷി വികസന പദ്ധതികള്‍ അപര്യാപ്തമെന്ന് കര്‍ഷകര്‍. സംഭരണ വില ഉയര്‍ത്തിയത് കൊണ്ട് മാത്രം കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൂലിച്ചെലവിലടക്കം സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.

നെല്‍കൃഷി വികസനത്തിന് ആകെ 116 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 60 കോടി കൃഷിക്കാര്‍ക്കുള്ള ധനസഹായം. സംഭരണവില കിലോയ്ക്ക് 28 രൂപ. ഇത്രയുമാണ് ഈ ബജറ്റില്‍ നെല്‍കൃഷിക്കുള്ള പരിഗണന. എന്നാല്‍, ഇത് അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 27 രൂപ 48 പൈസ ഉണ്ടായിരുന്ന സംഭരണ വിലയാണ് 52 പൈസ വര്‍ധിപ്പിച്ച് 28 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇത് 30 രൂപയെങ്കിലും കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. കൂടാതെ കയറ്റിറക്ക് കൂലിയടക്കം ഗണ്യമായ ചെലവ് വേറെയുമുണ്ട്. ഇതിലൊന്നും കാര്യമായ പരിഗണന ബജറ്റില്‍ ലഭിച്ചില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

പുഞ്ചക്കൃഷി വിളവെടുപ്പ് ഫെബ്രുവരിയിലായതിനാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സംഭരണവില ഈ കൃഷിയില്‍ ലഭിക്കില്ല. അത്‌കൊണ്ട് തന്നെ വര്‍ധിപ്പിച്ച തുക ഈ വിളവെടുപ്പിന് ലഭ്യമാക്കണമെന്നാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യം.