തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് കെപിസിസി പ്രസിഡന്റാണെന്ന വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വാദം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. മുന്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തത്.

കോണ്ഗ്രസ് വെല്‍ഫയര്‍ ബന്ധത്തിലെ പല ചോദ്യങ്ങളിലും ആദ്യം ഒഴിഞ്ഞു മാറിയ മുല്ലപ്പള്ളി വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്റെ വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ചാണെന്നും ഗൂഢലക്ഷ്യങ്ങളാണ് പിന്നിലെന്നും തുറന്നടിച്ചു. തന്റെ മതേതര നിലപാടുകള്‍ എല്ലാവര്‍ക്കുമറിയാമെന്നു പറഞ്ഞ മുല്ലപ്പള്ളി കോണ്ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് വെല്‍ഫയര്‍ ബന്ധത്തില്‍ സംസ്ഥാന കോണ്‍ഗ്രസിനെന്നും ഒരിക്കല്‍കൂടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തല്‍. പ്രസ്താവന ചര്‍ച്ചയായത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ വെല്‍ഫെയര്‍ ബന്ധം തദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയെന്നായിരുന്നു യുഡിഎഫ് വിലയിരുത്തല്‍.