ക്വാറന്റീൻ നിയമങ്ങളിൽ മാറ്റം വരുത്തി ദുബായ് ഹെൽത്ത് അതോറിറ്റി. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും പുതിയ മാർഗ നിർദേശം ബാധകമാവും.

പുതിയ മാർഗ നിർദേശമനുസരിച്ച് കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ 10 ദിവസം നിർബന്ധിത ഹോം ക്വാന്റീനിൽ കഴിയണമെന്നാണ് ഡിഎച്ച്എ വ്യക്തമാക്കിയിരിക്കുന്നത്. എമിറേറ്റിലെ താമസക്കാർക്കും ഒപ്പം സന്ദർശകർക്കും നിയമം ബാധകമായിരിക്കും. ഇത്തരക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും 10 ദിവസം ക്വാറന്റീൻ നിർബന്ധമായിരിക്കും.

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നുളള ക്വാറന്റീൻ കാലയളവിൽ ശ്വാസസംബന്ധമായതുൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണമെന്നും ഇക്കാലയളവിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൊവിഡ് ബാധിതനുമായും രണ്ടുമീറ്റർ അകലം പാലിക്കാതെ സമ്പർക്കത്തിലേർപ്പെട്ടാലും കൊവിഡ് രോഗിയോടൊപ്പം ഒരേ മുറിയിലോ വീട്ടിലോ താമസിക്കുക തുടങ്ങിയ കാര്യങ്ങളിലേർപ്പെട്ടാലും ക്വാറന്റീൻ നിർബന്ധമായിരിക്കും. കൂടാതെ മതിയായ കൊവിഡ് സുരക്ഷാ ഉപകരണങ്ങലില്ലാതെ കൊവിഡ് രോഗിയെ പരിചരിച്ചവരും ക്വാറന്റീനിൽ പോകണമെന്നും ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി