കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയുടെ നാല് അതിർത്തികളിൽ കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തും. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ആണെന്നാണ് കർഷക സംഘടനകളുടെ വിശദീകരണം. അതേസമയം, ഈമാസം 23 മുതൽ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കിസാൻ സംഘർഷ് ഏകോപന സമിതി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

 

ഡൽഹിയുടെ കിഴക്കും പടിഞ്ഞാറും അതിർത്തി മേഖലകളിലാണ് കർഷകർ ഇന്ന് ട്രാക്ടർ റാലി സംഘടിപ്പിക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽ സിംഗുവിൽ നിന്ന് തിക്രിയിലേക്കും, തിക്രിയിൽ നിന്ന് സിംഗുവിലേക്കും ഒരേസമയം ട്രാക്ടർ റാലി പുറപ്പെടും. രണ്ട് സംഘങ്ങളും പരസ്പരം കാണുന്നയിടത്ത് കർഷക സഭ ചേരും. കിഴക്കൻ മേഖലയിൽ ഗാസിപൂരിൽ നിന്ന് പൽവാലിലേക്കും, പൽവാലിൽ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികൾ. രാവിലെ പതിനൊന്നിനാണ് ട്രാക്ടർ റാലികൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുക്കുന്നത്.

കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടർ റാലി നടത്തി കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷാ വിന്യാസം വർധിപ്പിച്ചു.