കൊല്ലത്തെ ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ വിവാദത്തിൽ. ശ്രീ നാരായണ ഗുരുവിനെ ലോഗോയിൽ വ്യക്തമാക്കിയില്ലെന്നാണ് ആരോപണം. ലോഗോ പിൻവലിക്കണമെന്നാവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്.

ലോഗോയുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. പുതുതായി തുടങ്ങിയ സർവകലാശാലയുടെ ലോഗോ അടുത്തിടെ പ്രകാശനം ചെയ്തു. ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്. ആകാശ വീക്ഷണമെന്ന നിലയിലാണ് നിറ സങ്കലന രൂപം അവതരിപ്പിച്ചത്. ലോഗോ പിൻവലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യം ഫേസ് ബുക്കിൽ ഉയർന്നിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകരും ലോഗോ ക്കെതിരെ രംഗത്തെത്തി.

ലോഗോക്ക് അനുമതി നൽകരുതെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നിലുമെത്തി. ജ്യാമിതീയ രൂപങ്ങളെ നിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രമാക്കിയതാണ് ലോഗോ എന്നാണ് സർവകലാശാലയുടെ അവകാശവാദം.