രാജ്യത്ത് കൊവിഡ് വാക്സിൻ യാഥാർ‌ത്ഥ്യമായി. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്ക് അനുമതി നൽകി. അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോ​ഗിക്കുന്നതിനാണ് അനുമതി. ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നൽകി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിൻ വികസിപ്പിച്ചത്. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു.