രാജ്യത്ത് കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ‍ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർവകക്ഷി യോ​ഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡൽഹിയിൽ പുരോ​ഗമിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കൾ പങ്കെടുത്തു. വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി നൽകാൻ പ്രധാനമന്ത്രി നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.