യു എ ഇയില്‍ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടും. അബൂദബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് വരെ മൂടല്‍മഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയും എന്നതിനാല്‍ രാത്രി വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അതേസമയം സൗദി അറേബ്യയില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വെള്ളക്കെട്ടിനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.