ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാര്‍ജ് നടത്തിയിരുന്നു.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.