ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഡല്#ഹി ചലോ കര്‍ഷക മാര്‍ച്ച്‌ ഇന്ന് കൂടുതല്‍ ശക്തമാകും. ഇന്ന് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമെല്ലാം രാജ്യ തലസ്ഥാനത്തേക്ക് നീങ്ങും. ഇന്നലെ രാത്രി ഒരു സംഘം സമരക്കാര്‍ ഹരിയാനയിലെ പാനിപറ്റിലും മറ്റൊരു സംഘം കര്‍ണലിലുമാണ് തമ്ബടിച്ചത്. ഇന്ന് രാവിലെയോടെ മാര്‍ച്ച്‌ പുനരാരംഭിക്കും. എത്ര ദിവസം എടുത്താലും നിയമം പിന്‍വലിക്കുന്നതുവരെ സമരം നടത്താനാണ് തീരുമാനം. ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇത് തള്ളിയിട്ടുണ്ട്.
അതിനിടെ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ തടയാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. അതിര്‍ത്തികള്‍ അടക്കാനാണ് പോലീസ് തീരുമാനം. അതിര്‍ത്തി കടത്തിവിടില്ലെന്ന് പോലീസ് പറയുമ്ബോള്‍ കര്‍ഷകരും ഉറച്ച്‌ നില്‍ക്കുകയാണ്. ഇത് സംഘര്‍ഷത്തിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. ഇന്നലെ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഇടങ്ങളില്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരിക്കുന്നു. പോലീസ് ബാരിക്കേഡുകള്‍ എല്ലാം പുഴയിലേക്ക് എടുത്തെറിഞ്ഞ് കര്‍ഷകര്‍ മൂന്നോട്ട് പോകുകയായിരുന്നു.