ശബരിമല : ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു.

പൂജാ സമയങ്ങളില്‍ ശ്രീകോവിലിനു മുന്നില്‍ കൂട്ടം കൂടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗേറ്റ് വഴി കടന്നുവരുന്നതും അനുവദിക്കില്ല.ദീപാരാധന, ഹരിവരാസനം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളില്‍ ശ്രീകോവിലിനു മുന്‍പില്‍ ജീവനക്കാരും ഭക്തരും കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാര്‍ സന്നിധാനത്ത് കറങ്ങി നടക്കരുത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും നടത്തും.

വെള്ളനിവേദ്യം കൗണ്ടറിലെ താല്‍ക്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇയാളെ നിലയ്ക്കലില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള മറ്റൊരു ജീവനക്കാരനും പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.