ഗുഡ്ഗവിൽ ഏത് കല്യാണവീടും സന്ദർശിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ നൽകാൻ പൊലീസിന് അധികാരം. കൊവിഡ് ബാധ രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിലാണ് നടപടി. ഗുഡ്ഗാവ് പൊലീസ് കമ്മീഷണർ കെകെ റാവു ആണ് പുതിയ ഓർഡർ പുറത്തിറക്കിയത്. പട്ടണത്തിൽ നടക്കുന്ന ഏത് കല്യാണത്തിലും പങ്കെടുത്ത് മാസ്ക് അണിയാത്തവർക്ക് പിഴ വിധിക്കാനാണ് പൊലീസുകാർക്ക് അധികാരം നൽകിയിരിക്കുന്നത്. ഒപ്പം അതിഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണം.

തിങ്കളാഴ്ച ഹരിയാനയിൽ 2663 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ ഹരിയാനയിൽ 2,19,963 പേർ രോഗബാധിതരായപ്പോൾ 2216 പേർ മരണപ്പെട്ടു.

 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകളും 511 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

പ്രതിദിന കേസിൽ ഞായറാഴ്ചത്തേക്കാൾ രണ്ടര ശതമാനം കുറവാണ് ഇന്നുണ്ടായത്. 91,39,866 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 500 മുകളിലായി തുടരുന്നു. ഇതുവരെ 1,33,738 പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം വീണ്ടും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ കുറഞ്ഞു. 41,024 പേർ മാത്രമാണ് 24 മണിക്കൂറിനിടെ വൈറസ് ബാധയിൽ നിന്ന് മുക്തരായത്. 93.69 ശതമാനമാണ് രോഗമുക്തി നിരക്ക്.