സ്വപ്‌നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സിപിഐഎമ്മും പ്രതിപക്ഷവും. കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നാണ് സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

സംഭവം അതീവ ഗൗരവതരമെന്ന പ്രതികരണവുമായി സിപിഐഎം രംഗത്തെത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണ്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇത് നിയമസംവിധാനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ബിജെപി- യുഡിഎഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖക്ക് പിന്നില്‍ രാഷ്ട്രീയനാടകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ശബ്ദരേഖ മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.