തിരുവനന്തപുരം: ബിനീഷ് കോടിയേരി തെറ്റ് ചെയ്തെങ്കില്‍ ഉത്തരം പറയേണ്ടത് അയാളാണെന്നും കുറ്റം ചെയ്ത ആരെയും സി.പി.എം സംരക്ഷിക്കില്ലെന്നും പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ പറ്റി വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതാക്കളുടെ മക്കളില്‍ നല്ലത് ചെയ്യുന്നവരുണ്ടാകും. സമൂഹത്തിന്റെ സ്വാധീനത്തില്‍ തെറ്റ് ചെയ്യുന്നവരുമുണ്ടാകും. തെറ്റ് ചെയ്തവരെ തങ്ങള്‍ സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സംസ്ഥാന സെക്രട്ടറിക്കെതിരെ ഒരാക്ഷേപവുമില്ല. മകനെതിരെയാണ് ആരോപണങ്ങള്‍. തെളിവ് ഹാജരാക്കി ശിക്ഷിക്കട്ടെ. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം മാത്രമാണിപ്പോള്‍ ബിനീഷിനെതിരെ ആരോപിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കപ്പെടുമ്ബോള്‍ വേണ്ടത് ചെയ്യും.തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ വൃത്തികേടുകളുടെ സ്വാധീനം കുടുംബാംഗങ്ങളിലും ഉണ്ടായെന്ന് വരാമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ‘ഞങ്ങളുടെ ശ്രദ്ധയില്‍ പെടുമ്ബോള്‍ തിരുത്താന്‍ ശ്രമിക്കും. ആ നിലയിലേ പോകാനാകൂ – അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ ഇവിടെ അന്വേഷിക്കട്ടെയെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാഗതം ചെയ്‌തില്ല. കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗിക്കുകയാണ്. നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യിക്കുന്നു. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും നേരിട്ട് ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കുകയാണ്. ആര്‍ക്കെതിരെ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയുമാണ്. ഓരോ ദിവസത്തെയും അന്വേഷണത്തില്‍ കിട്ടുന്ന രഹസ്യവിവരങ്ങള്‍ മണിക്കൂര്‍ വച്ച്‌ ഏജന്‍സികള്‍ ചോര്‍ത്തിക്കൊടുക്കുന്നു.ഇത് ജനാധിപത്യത്തിന് അപകടമാണ്. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനുമെതിരെ ജനങ്ങളെ അണിനിരത്തും. ദുരുപയോഗിക്കപ്പെടുന്ന കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാനസെക്രട്ടറി പറഞ്ഞതാണ്.

ശിവശങ്കറിന്റെ തെറ്റ് ബോദ്ധ്യപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ അയാളെ മാറ്റിനിറുത്തി നടപടിയെടുത്തെന്നും ആളുകളെ ചൂഴ്ന്നു നോക്കാനാവില്ലെന്നും എസ്.ആര്‍.പി പറഞ്ഞു. ശിവശങ്കര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്കുള്ളത് പോലെ ഉത്തരവാദിത്വം പ്രധാനമന്ത്രി മോദിക്കുമുണ്ട്. പ്രധാനമന്ത്രിയുടെ കീഴിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍.

രാജ്യത്ത് ബി.ജെ.പി ഭരണത്തെ പരാജയപ്പെടുത്താന്‍ തയാറാകുന്നവരുമായെല്ലാം ഒരുമിച്ച്‌ പോകണമെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യത്തിലാണ്. അതാണ് ആപത്ത്. ആ സഖ്യത്തെ പരാജയപ്പെടുത്തണമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.