ഹൂസ്റ്റൺ∙ അമേരിക്കന്‍ ജനതയുടെ അവിഭാജ്യ ഘടകമായ രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ അത്യന്തം പ്രാധാന്യമുള്ളതും വിധി നിര്‍ണ്ണായകവുമാണ്. തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വളരെ വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷന്‍ മിനി സംവാദങ്ങളും, ജനകീയ ശബ്ദവും പ്രതിഫലനങ്ങളും അഭിപ്രായങ്ങളും യു.എസില്‍ അങ്ങോളമിങ്ങോളം മലയാളികള്‍ക്ക് വെര്‍ച്ചുവല്‍ (സൂം) മീറ്റിംഗിലൂടെ തുറന്നു കൊടുക്കുകയാണ്. കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. താല്‍പ്പര്യമുള്ള ചില ലോക്കല്‍ ഇലക്ഷന്‍ സ്ഥാനാര്‍ത്തികളും, വിഷയങ്ങളും കൂടി ചര്‍ച്ച ചെയ്യപ്പെടും.

റിപ്പബ്ലിക്കനെന്നോ, ഡെമോക്രാറ്റെന്നോ ഉള്ള കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്‍റെ ഈ അഭിപ്രായ സംവാദ ഓപ്പണ്‍ ഫോറത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. സംഘാടകരുടെ നിര്‍ദ്ദേശങ്ങളും, അഭ്യർഥനകളും പാലിക്കണമെന്നു മാത്രം. സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ മാത്രമായിരിക്കും കോണ്‍ഫറന്‍സും, സംവാദവും, സമയക്രമങ്ങളും. സാധിക്കുന്ന അത്ര ആളുകളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. അല്ലാതെ പ്രഗത്ഭരെന്നു പറയുന്ന മൂന്നോ നാലോ ആള്‍ക്കാര്‍ക്കു മാത്രം അഭിപ്രായങ്ങള്‍ പറയാനും സംവേദിക്കാനും മറ്റുള്ളവരെ വെറും നോക്കുകുത്തികളും ശ്രോതാക്കളും കാണികളുമാക്കുന്ന രീതിയിലുള്ള പതിവു പരിപാടിയാക്കാനല്ല ഡിബേറ്റ് ഫോറം ശ്രമിക്കുന്നത്. അങ്ങനെ എല്ലാവര്‍ക്കും തുല്യ സമയം തുല്യനീതി കൊടുക്കുന്നതുകൊണ്ടുള്ള ന്യൂനതകള്‍ പരമാവധി കുറയ്ക്കാനാണ് സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നതും. ജനാധിപത്യത്തില്‍ പ്രഗത്ഭര്‍ക്കും സാധാരണക്കാര്‍ക്കും ഓരോ വോട്ടു വീതം മാത്രമാണല്ലോ. അതിനാല്‍ ഈ വെര്‍ച്ചുല്‍ കോണ്‍ഫറന്‍സില്‍ വരുന്ന പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, വാദമുഖങ്ങളും, പ്രതിഫലനങ്ങളും, ജനശബ്ദമായി അലയടിച്ച് അതിന്‍റെ പോസിറ്റീവ് ഫലം നമ്മുടെ എല്ലാം വോട്ടിംഗില്‍ കൂടി കലാശിക്കട്ടെ എന്ന ആശംസയോടെയാണ് കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. ഈ ബൃഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ പൊതു പരിപാടിയില്‍ല്‍ സംബന്ധിക്കുന്നവരുടെ വാക്കുകള്‍ക്കൊ പെരുമാറ്റങ്ങള്‍ക്കൊ സംഘാടകര്‍ ഉത്തരവാദികളല്ലാ.