കെയ്‌റോ: അഞ്ച് കെട്ടിടങ്ങളും ലക്ഷങ്ങളുടെ ആസ്തിയുമുള്ള ഭിക്ഷാടകയെ അറസ്റ്റ് ചെയ്ത് ഈജിപ്ഷ്യന്‍ പോലീസ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭിക്ഷയെടുക്കുകയായിരുന്ന അമ്പത്തേഴുകാരിയാണ് അറസ്റ്റിലായത്.

അഞ്ച് കെട്ടിടങ്ങള്‍ സ്വന്തമായുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ 3 മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ടാണ് ഉള്ളത്. ഒരു കാലില്ലാത്ത വ്യക്തിയായി അഭിനയിച്ച്‌ വീല്‍ ചെയറില്‍ നീങ്ങിയായിരുന്നു ഇവര്‍ ഭിക്ഷയെടുത്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമായതോടെയാണ് അമ്പത്തേഴുകാരിയുടെ യഥാര്‍ഥ മുഖം പുറത്തറിയുന്നത്.

ശരീരം തളര്‍ന്നതായി അഭിനയിച്ചാണ് ഇവര്‍ വീല്‍ ചെയറിലിരുന്ന് ഭിക്ഷാടനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഒരു ദിവസം ഭിക്ഷാടനത്തിന് ശേഷം ഇവര്‍ നടന്നുപോകുന്നത് ഒരാള്‍ കാണുകയായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാകുന്നത്. നഫിസ എന്ന മധ്യവയസ്‌കയാണ് ആളുകളെ കബളിപ്പിച്ച്‌ ഭിക്ഷാടനം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഇവര്‍ക്ക് അഭിനയിച്ചിരുന്നത് പോലെയുള്ള ശാരീരിക അവശതകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ബിയ, കലിയുബിയ എന്നീ ഗവര്‍ണറേറ്റുകളില്‍ വാസയോഗ്യമായ അഞ്ച് കെട്ടിടങ്ങളും രണ്ട് ബാങ്കുകളിലായി ഏകദേശം 3 മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ടിലേറെ പണം ഉണ്ടെന്നും പോലീസ് കണ്ടെത്തി. കേസ് നിലവില്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.