വാഷിംഗ്ടണ്‍: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ റഷ്യയുമായി ആണവായുധ നിയന്ത്രണകരാര്‍ ഉറപ്പിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പിക്കാന്‍ റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

ആണവരംഗത്തെ നിര്‍വ്യാപനം ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ചയും തീരുമാനവും ഉടനെടുക്കേണ്ടതുണ്ടെന്നാണ് പോംപിയോ വ്യക്തമാക്കുന്നത്. രണ്ടു രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതിനിധികളുമായിട്ട് ഉടന്‍ കൂടിക്കാഴ്ച നടത്തും. ആണവായുധ കാര്യത്തിലും നിലവില്‍ ആണവായുധം ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന കാര്യത്തിലും പരസ്പരം ധാരണയുണ്ടാക്കുമെന്നും പോംപിയോ വ്യക്തമാക്കി. 2021 ഫെബ്രുവരിയില്‍ മുന്‍ കരാര്‍ തീരുന്നതിനാലാണ് ധാരണപത്രം പുതുക്കാന്‍ ഒരുങ്ങുന്നത്. 2010ലാണ് ന്യൂ സ്റ്റാര്‍ട്ടെന്ന (ന്യൂ സ്റ്റാര്‍റ്റജിക്ക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാര്‍ ആദ്യമായി ഒപ്പിട്ടത്.

ആണാവയുധ ഉഭയകക്ഷി ധാരണപ്രകാരം എത്ര ആണവായുധങ്ങളുണ്ടെന്നും എവിടെയൊക്കെയാണ് ആയുധം തയ്യാറാക്കി വച്ചിരിക്കുന്നതെന്നും ധരിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും പത്തുവര്‍ഷം മുന്നേയാണ് ഇത്തരം സുപ്രധാന വിവരങ്ങള്‍ കൈമാറിയത്. ഈ വര്‍ഷം വിയന്നയിലും ഹെല്‍സിന്‍കിയിലും ഇരുരാജ്യങ്ങളുടെ കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. റഷ്യ അതീവ മാരക ശേഷിയുള്ള ആണവ സജ്ജീകൃത മിസൈലുകള്‍ വ്യാപകമായി വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് ഭരണകൂടം ഇടക്കാലത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.