ചെന്നൈ : ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ശ്രീലങ്കയിലെ തമിഴ് വംശജരെ അടിച്ചമർത്തിയ രാഷ്ട്രീയക്കാരെ പിന്തുണച്ച മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലും, തമിഴ് വംശജരിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിജയ് സേതുപതി സിനിമയിൽ നിന്നും പിന്മാറിയത്.

കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽനിന്ന് പിൻമാറമെന്ന് മുരളീധരൻ അഭ്യർത്ഥിക്കുകയും ചെയ്തു .ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ‘800’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന് മുതല്‍ തന്നെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ‘ഷെയിം ഓണ്‍ വിജയ് സേതുപതി’ എന്ന ഹാഷ്ടാഗിലൂടെയാണ് ട്വിറ്ററിൽ ആളുകൾ അദ്ദേഹത്തെ വിമർശിച്ചത്.

മുരളീധരൻ തമിഴ് വംശജൻ ആയിട്ടും, ശ്രീലങ്കയുടെ വടക്കൻ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങൾ അംഗീകരിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്തില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനം.