കൊച്ചി: വിവാദമായ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി.

കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരിച്ച എന്‍ഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം ഇന്നും കോടതി ഉന്നയിച്ചു.

‘കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ വെച്ച്‌ വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,’- എന്‍ഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച്‌ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീന്‍ എന്നിവര്‍ താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. പ്രതികളുടെ താന്‍സാനിയന്‍ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എന്‍ഐഎ വാദിച്ചു.