ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തൈറോയിഡ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം.

ഹൈപ്പോതൈറോയ്ഡിസം തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍ പിന്നീട് അമിതമായ ക്ഷീണം, ഭാരം കൂടുക, എല്ലുകളുടെ ബലക്കുറവ്, കാലിന് നീരുകെട്ടുക, കൊളസ്ട്രോള്‍ കൂടുക, തലമുടി കൊഴിച്ചില്‍, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഹൈപ്പോതൈറോയ്ഡിസം ഭക്ഷണത്തിലൂടെ ഒരുപരിധി വരെ നിയന്ത്രിക്കാം. ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

സോയാബീന്‍സ് ഡയറ്റില്‍ നിന്നും ഒഴിവാക്കാം. കാരണം സോയ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡിസം ഇന്ന് കൂടുതലും കണ്ട് വരുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രണ്ട്…

അയഡിന്റെ കുറവുമൂലം ചിലപ്പോള്‍ തൈറോയിഡ് രോഗങ്ങള്‍ വരാം. അതിനാല്‍ പലരും അയഡിന്‍ ചേര്‍ന്ന ഉപ്പ് അധികമായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ അമിതമായ അയഡിന്റെ ഉപയോഗവും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അയഡിന്റെ ഉപയോഗം ക്രമപ്പെടുത്തുക.

മൂന്ന്…

കാബേജ്, കോളിഫ്‌ളവര്‍ , ബ്രൊക്കോളി എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുകയാണ് നല്ലത്.

നാല്…

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ മാത്രമല്ല ബാധിക്കുന്നത്, ഇതുമൂലം കൊളസ്ട്രോള്‍ കൂടാനും അമിതഭാരം ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.

അഞ്ച്…

കോഫി കുടിക്കുന്ന ശീലവും ഉപേക്ഷിക്കുകയാണ് വേണ്ടത്. കഫൈന്‍ അധികമായാല്‍ അത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ പല രീതിയില്‍ ബാധിക്കാം.