ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാര്‍ട്ടി പ്രവര്‍ത്തകരും എംപി എന്ന നിലയില്‍ തന്നെ വിളിക്കാറുണ്ട്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെയോ താന്‍ ആരെയോ വിളിച്ചിട്ടില്ലെന്ന് കോണ്‍​ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇപി ജയരാജനും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അതിന്റെ തെളിവുകള്‍ കൈയിലുണ്ടെങ്കില്‍ തെളിയിക്കട്ടെ. അതിനുള്ള എല്ലാം സംവിധാനവും അവര്‍ക്കുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൊലക്കേസില്‍ ഒരു സിഐടിയുക്കാരനുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും പ്രകാശ് പറഞ്ഞു.

തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേ​ഹം ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത മന്ത്രിക്കാണെന്ന് പറഞ്ഞു. ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടില്ല. പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശ് എംപിയെ ആണെന്ന് മന്ത്രി ഇ.പി ജയരാന്‍ ആരോപിച്ചിരുന്നു. ഇതിനാണ് എംപിയുടെ മറുപടി.

അതേസമയം ഇരട്ടക്കൊലപാതകത്തിലെ പ്രതികളിലൊരായ ഷജിത്തിന്റെ ശബ്ദസന്ദേശമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പുറത്തുവിട്ടത്. നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിനെ ആക്രമിച്ചതിന് ശേഷം പ്രതിയായ ഷജിത്ത് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഡിവൈഎഫ്‌ഐ ഇന്ന് പുറത്തുവിട്ടത്. ഫൈസലിനെ ആക്രമിച്ച കേസിലെ എഫ്‌ഐആറില്‍ തന്റെ പേര് വന്നപ്പോള്‍ അടൂര്‍ പ്രകാശ് എംപിയെ വിളിച്ചെന്നും എംപി ഇടപെട്ട് എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. കോണ്‍ഗ്രസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ പ്രചരിച്ച ശബ്ദരേഖയാണിതെന്ന് ഡിവൈഎഫ്‌ഐ മേഖലാ ട്രഷറര്‍ അംജിത് പറഞ്ഞു.