തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സമൂഹ വ്യാപനമുണ്ടായ പൂന്തുറയിലും സമീപ പ്രദേശങ്ങളിലും സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും ജില്ലയില്‍ കോവിഡ്-19 രോഗ വ്യാപനം തടയാന്‍ ജനം കൂടി വിചാരിക്കണമെന്ന് ആരോഗ്യ വകുപ്പ്. കഴിഞ്ഞ 14 ദിവസമായി ലോക്ക്ഡൗണ്‍ നിലനിന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്താന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനം കൂട്ടമായി പുറത്തിറങ്ങിയിരുന്നു.

ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടായില്ലെങ്കില്‍ കര്‍ശന നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ഡിഎംഒ (ആരോഗ്യം) ഡോക്ടര്‍ ഷിനു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. സര്‍ക്കാരും പൊലീസും വിചാരിച്ചാല്‍ മാത്രം നിയന്ത്രണത്തില്‍ നില്‍ക്കുന്ന സാഹചര്യം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

“ക്ലസ്റ്ററുകള്‍ നിയന്ത്രണവിധേയമാണെങ്കിലും പുതിയ പുതിയ സ്ഥലങ്ങളില്‍ രോഗം വരുന്നു. ഇപ്പോഴും ഞാന്‍ പറയുന്നത് എല്ലാവരും കൂടെ ശ്രമിച്ചാല്‍ കൈയില്‍ നില്‍ക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പും പൊലീസും ചെയ്യുന്നുണ്ട്,” ഡിഎംഒ പറഞ്ഞു.

“ആളുകളുടെ മിക്‌സിങ് അപ്പ് കുറയുന്നതിനാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സഞ്ചാരം കുറയാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. വ്യാപനം തടയാന്‍ സഹായിക്കും. ഇന്ന് ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ വാഹനവുമെടുത്ത് റോഡില്‍ ഇറങ്ങി. സമരങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും മരണങ്ങള്‍ക്കുമെല്ലാം സര്‍ക്കാര്‍ വ്യക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊന്നും ബാധമല്ലാത്ത രീതിയില്‍ ആളുകള്‍ പോകുകയും രോഗം വരുമ്ബോള്‍ വിളിച്ചിട്ട് കാര്യമില്ല. ഇത്രയും വിദ്യാഭ്യാസമുള്ള സമൂഹം ഇങ്ങനെയല്ല പെരുമാറേണ്ടത്,” അദ്ദേഹം പറഞ്ഞു.

 

ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം പടരുന്നത് ആരോഗ്യവകുപ്പിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “നമുക്കും ആളുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. ഒരാള്‍ക്ക് രോഗം വന്നാല്‍ എത്ര പേരാണ് ക്വാറന്റൈനില്‍ പോകേണ്ടി വരുന്നത്. പല ആശുപത്രി ജീവനക്കാരും പോസിറ്റീവ് ആയത് രോഗിയില്‍ നിന്നല്ല. ജനക്കൂട്ടത്തില്‍ നിന്നാണ്. മിനിമം ജോലി ചെയ്തു പോകാനുള്ള ആളുകളെയാണ് ആശുപത്രിയില്‍ വച്ചിട്ടുള്ളത്,” ഡിഎംഒ പറഞ്ഞു.

“ആവശ്യം കൂടുതലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നതുമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതൊരു ഗൗരവമായ കാര്യമാണ്. ആളുകള്‍ സഹകരിച്ചാലേ പറ്റൂ. സഹകരിച്ചാല്‍ നമ്മുടെ കൈയില്‍ കിട്ടും. ഭയാനകമല്ലെങ്കിലും നിയന്ത്രണത്തിനുള്ളില്‍ തന്നെയാണ്. വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും വരുന്ന സാഹചര്യത്തിലേക്ക് ഉടന്‍ എത്തും,” ഡിഎംഒ പറഞ്ഞു.

“സര്‍ക്കാരിന് എത്ര നാള് പിടിച്ചു കെട്ടി ഇരിക്കാന്‍ സാധിക്കും. ഇനി ഇങ്ങനെ പോകാന്‍ കഴിയുകയില്ല. ആശുപത്രികളെ ക്രോഡീകരിച്ചു കൊണ്ട് ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല്‍ കര്‍ശനമാക്കും. പൊലീസും മറ്റുമായി ചേര്‍ന്ന് കാര്യങ്ങള്‍ കടുപ്പിക്കുമ്ബോള്‍ നിയന്ത്രണത്തില്‍ വരും. നമ്മുടെ കൈയില്‍ നില്‍ക്കാതെ പോയിരുന്നു. ഒരു പരിധിക്ക് അപ്പുറം പോകാതെ ഇരുന്നതാണ്,” അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ അതിതീവ്ര രോഗബാധയുള്ള തീരദേശത്ത് ഓഗസ്റ്റ് ആറു വരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റു വാര്‍ഡുകളില്‍ ഇളവുകള്‍ നല്‍കാന്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ ചീഫ്‌സെക്രട്ടറി നടത്തിയ അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ്, മാള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മണി മുതല്‍ വൈ്കിട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. അപകട സാധ്യതാ ഗ്രൂപ്പായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വൈകിട്ട് നാലു മണി മുതല്‍ ആറു മണി വരെ സാധനങ്ങള്‍ വാങ്ങാം. കണ്ടെയ്ന്‍മെന്റ് സോണുകളിലൂടെയുള്ള യാത്രയും അനുവദിക്കുന്നില്ല.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 3,892 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 974 പേര്‍ക്ക് രോഗം ഭേദമായി. 12 മരിച്ചു. 2900-ത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ 18 പേരെ പരിശോധിക്കുമ്ബോള്‍ ഒരാള്‍ക്ക് രോഗം പോസിറ്റീവാണെന്ന് കണ്ടെത്തുന്നുവെന്ന് ചൊവ്വാഴ്ച്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തീരദേശത്തിന് പുറമേ പാറശാല, കുന്നത്തുകാല്‍, പട്ടം, കാട്ടാക്കട, ബാലരാമപുരം, പെരുങ്കടവിള തുടങ്ങിയ പ്രദേശങ്ങളിലും രോഗ ബാധിതര്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൊത്തം കേസുകളില്‍ 1104 കേസുകള്‍ തീര പ്രദേശത്തുനിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 227 പേരില്‍ 88 പേര്‍ കഠിനംകുളം പഞ്ചായത്തിലെ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ ജീവനക്കാരായിരുന്നു.

ലോക്ക്ഡൗണ്‍ മൂലം കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗം കുറഞ്ഞുവെന്നും എങ്കിലും ചില ഇളവുകള്‍ നല്‍കി നിയന്ത്രണങ്ങള്‍ തുടരുന്നത് രോഗ വ്യാപനത്തെ തടയുമെന്ന് പ്രതീക്ഷിക്കുന്നതായും കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“കുറച്ചു ശ്രദ്ധിച്ച്‌ ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നിറങ്ങുന്നതെന്നും അവരില്‍ നിന്നും സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും മേയര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും തിരുവനന്തപുരത്താണുള്ളത്,” അതിനാലാണ് രോഗികളുടെ എണ്ണം സ്വാഭാവികമായും കൂടുന്നതെന്ന് മേയര്‍ പറഞ്ഞു.

“പൂന്തുറയിലും ബീമാപ്പള്ളിയും പോസിറ്റീവാകുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. നൂറോളം കേസുകള്‍ ദിവസം വന്നിരുന്ന സാഹചര്യം മാറി. എട്ട്, നാല് എന്നിങ്ങനെയായി കുറഞ്ഞു. എങ്കിലും ഇന്നലെ 30 ഓളം പേര്‍ക്ക് രോഗം ബാധിച്ചു,” ജില്ലയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലെ മൂന്നിലൊന്ന് മാത്രമാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മേയര്‍ പറഞ്ഞു.

“കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ഇളവുകള്‍ നല്‍കിയത് ഓാഫീസുകളും മറ്റും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. മൂന്നിലൊന്ന് ജീവനക്കാര്‍ ഓഫീസുകളില്‍ വരികയും മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

പൂന്തുറ വാര്‍ഡില്‍ രോഗം ശമനം ഉണ്ടെന്ന് കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ പറഞ്ഞു. “1800 ഓളം പേരെ പരിശോധിച്ചതില്‍ 500-ല്‍ അധികം പേര്‍ക്കാണ് ഈ വാര്‍ഡില്‍ രോഗം ബാധിച്ചത്. അതില്‍ നാലിലൊന്ന് പേരും രോഗം ഭേദമായി തിരിച്ചു വീട്ടില്‍ എത്തി. ഇന്നലെ വാര്‍ഡില്‍ 30 പേരെ പരിശോധിച്ചപ്പോള്‍ നാല് പേര്‍ക്ക് മാത്രമാണ് പോസിറ്റീവായത്,” പീറ്റര്‍ പറഞ്ഞു.