ബംഗളൂരുവിലെ തുമകുരുവില്‍ ഇവന്‍റ് മാനേജരാണ് രാമചന്ദ്രറാവു. സമീപത്തെ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‍സാണ് ഭാര്യ കലാവതി. കോവിഡ് രോഗികളുമായുള്ള സമ്ബര്‍ക്കത്തെ തുടര്‍ന്ന് കലാവതിക്കും കോവിഡ് പോസിറ്റീവായി. കോവിഡ് ബാധ പൂര്‍ണമായും മാറി വീട്ടിലേക്ക് തിരിച്ചുവരുന്ന ദിവസം, റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് രാമചന്ദ്രറാവു തന്‍റെ പ്രിയതമയ്ക്ക് ഒരുക്കിയത്.

കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കലാവതി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും പത്ത് വയസ്സായ ഒരു മകളുമുണ്ട്. നഴ്സായതിനാല്‍ എന്തിനും ഏതിനും കലാവതിയുടെ മെഡിക്കല്‍ സഹായം തോടി വന്നവരായിരുന്നു അതുവരെ അയല്‍ക്കാര്‍. പക്ഷേ, കോവിഡ് സ്ഥിരീകരിച്ചതോടെ പിന്നെ പെരുമാറ്റം ശത്രുക്കളോടെന്നപോലെയായി. അയല്‍ക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഈ വേദനിപ്പിക്കുന്ന പെരുമാറ്റമാണ് രോ​ഗം മാറി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കാന്‍ രാമചന്ദ്ര റാവുവിനെ പ്രേരിപ്പിച്ചത്. ചുവന്ന പരവതാനി വിരിച്ച്‌ ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്. ഇതിനായി ഒരുപറ്റം സ്ത്രീകളെ അദ്ദേഹം സജ്ജരാക്കുകയും ചെയ്തു. വരുംതലമുറയ്ക്ക് അനുകരിക്കാനായാണ് ഇത് പകര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും രാമചന്ദ്ര കൂട്ടിചേര്‍ത്തു.

ജില്ലാ അശുപത്രിയിലെ ഡോക്ടര്‍ ടി. എ വീരഭദ്രയെയും അവിടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും മാലയും പൂഞ്ചെണ്ടും പഴങ്ങളും നല്‍കി ആദരിക്കുക കൂടി ചെയ്തു രാമചന്ദ്ര. താനൊരു രജനികാന്ത് ആരാധകനാണെന്നും, തന്‍റെ കുടുംബത്തോളം വലുത് തനിക്കൊന്നുമില്ലെന്നും, അതിലേറ്റവും പ്രിയപ്പെട്ടത് തന്‍റെ ഭാര്യയാണെന്നും രാമചന്ദ്ര പറഞ്ഞു. പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഓ​ഗസ്റ്റ് ഒന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും കലാവതി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി സംസാരിക്കാനുള്ള അവസരവും കഴിഞ്ഞ ദിവസം കലാവതിക്ക് ലഭിച്ചു.