ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിക്കുന്ന കാര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കുന്ന സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണറുടെ ഓഫീസ്. അന്തിമ റിപ്പോര്‍ട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ മോചന കാര്യത്തില്‍ വിശദമായ വിലയിരുത്തലിന് ശേഷമേ തീരുമാനം കൈക്കൊള്ളാനാകൂവെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്