ജനീവ: കൊറോണ വൈറസ് വ്യാപനം ആഗോളതലത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയാണെന്നും കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

ജനുവരി മുപ്പതിന് ശേഷം ആറാം തവണയും യുഎന്‍ ഏജന്‍സി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്ബോള്‍ ഇതുവരെയുള്ള ഏറ്റവും ഗുരുതര നിലയിലാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2.18 ലക്ഷം പേര്‍ക്ക് ലോകത്ത് കൊറോണ സ്ഥിരീകരിച്ചു. 4202 പേര്‍ കൂടി മരിച്ചു. ആകെ രോഗബാധിതര്‍ 1.67 കോടിയായി. മരണം 6.57 ലക്ഷം കവിഞ്ഞു. 1.028 കോടി പേര്‍ ഇതിനകം രോഗമുക്തി നേടി. നിലവില്‍ 57.5 ലക്ഷം പേര്‍ കൊറോണ ബാധിതരായിരിക്കെ 66,564 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.

വൈറസ് വ്യാപനം ഏറ്റവും ശക്തമായ യുഎസില്‍ 44.33 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മാത്രം 61571 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. 596 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1.5 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ ആകെ രോഗികള്‍ 24.43 ലക്ഷമായി. 627 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ മരണം 87,679.