ന്യൂഡല്‍ഹി: ടിബറ്റന്‍ പ്രദേശങ്ങളില്‍ അനധികൃതമായി കടന്നു കയറിയ ചൈനീസ് പട്ടാളത്തിന് മുകളിലൂടെ പറന്ന് ഇന്ത്യന്‍ ചാരോപഗ്രഹം. ഡിഫന്‍സ് റിസര്‍ച്ച്‌ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ എമിസാറ്റ് ( ഇന്ത്യന്‍ പ്രീമിയര്‍ ഇന്റലിജന്‍സ് ഗാതറിംഗ് സാറ്റ്‌ലൈറ്റ് ) ആണ് ടിബറ്റിലൂടെ പറന്ന് ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. രഹസ്യവിവരം ശേഖരിക്കുന്നതിനുള്ള ഇലക്‌ട്രോണിക് സംവിധാനമായ ‘കൗടില്യ’ ഘടിപ്പിച്ചിട്ടുള്ള ഉപഗ്രഹം ശനിയാഴ്ചയാണ് ടിബറ്റിനുമുകളിലൂടെ കടന്നുപോയതെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച എമിസാറ്റിന്റെ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) സംവിധാനമായ കൗടില്യയിലൂടെ ശത്രുമേഖലയിലെ നീക്കങ്ങളുടെ സ്വഭാവവും സേന തമ്ബടിച്ചിരിക്കുന്ന സ്ഥലവുമുള്‍പ്പെടെയുള്ളവ മനസ്സിലാക്കാനാവും. ശത്രുക്കള്‍ വിന്യസിച്ച പ്രദേശം, വിന്യാസത്തിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഉപഗ്രഹം റേഡിയോ തരംഗങ്ങളായി അയക്കും. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന് പൂണമായും അയവുവരുത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേയാണ് ഉപഗ്രഹം ടിബറ്റിനുമുകളിലൂടെ സഞ്ചരിച്ചത്.

അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നു കിടക്കുന്ന ടിബറ്റന്‍ പ്രദേശങ്ങളിലാണ് എമിസാറ്റ് നിരീക്ഷണം നടത്തിയത്. പാംഗോംഗ് സോയിലെ ഫിംഗര്‍ 4 ല്‍ നിന്നും പിന്മാറാത്ത സൈന്യം ദെസ്പഞ്ച് സെക്ടറിലും സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ടെന്നാണ് നിരീക്ഷണത്തില്‍ നിന്നും ലഭിച്ച വിവരം. ചൈനയുടെ പ്രദേശത്ത് സൈന്യം തുരങ്കം നിര്‍മ്മിക്കുന്നതായും ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മറ്റൊരു ചാര ഉപഗ്രഹമായ റിസാറ്റ്-2ബി.ആര്‍.1 ആഫ്രിക്കയിലെ ജിബൂട്ടിയിലുള്ള ചൈനീസ് നാവികതാവളത്തിനു മുകളിലൂടെ വെള്ളിയാഴ്ച കടന്നുപോയിരുന്നു. ഈ മാസം 11-ന് എമിസാറ്റ് പാകിസ്താന്‍ നാവികസേനയുടെ ഒമാര താവളത്തിനു സമീപത്തുകൂടെയും പോയി.