കോട്ടയം: കോട്ടയം നഗരത്തില്‍ മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്‍റെ മൃതദേഹം വന്‍ പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെയാണ് സംസ്കരിച്ചത്. നേരത്തെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാത്തവരെ ഭീഷണിപ്പെടുത്തി കൗണ്‍സിലര്‍ അവിടെ ഇരിക്കണമെന്നും താനേ ഇവര്‍ക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. നഗര സഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടതോടെ ഹരികുമാര്‍ നിലപാട് മാറ്റി രംഗത്തെത്തിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ വഴങ്ങാതെ വന്നതോടെ വിഷയം ബിജെപി കൗണ്‍സിലറുടെ കൈയില്‍ ഒതുങ്ങിയില്ല. മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടെങ്കിലും, സംസ്‌കാര കാര്യത്തില്‍ തീരുമാനമെടുക്കാതെയാണ് എം.എല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ മടങ്ങുകയായിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവര്‍ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച്‌ സംസ്‌കരിക്കാന്‍ പള്ളിയില്‍ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.