• ഫ്രാൻസിസ്  തടത്തിൽ  
ഫ്ലോറിഡ: അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള സമയം നീട്ടി നൽകണമെന്ന ഫൊക്കാന നാഷണൽ കമ്മിറ്റിയുടെ അഭ്യർത്ഥന  മാനിച്ചു ജൂലൈ 31 വരെ നീട്ടി നൽകാൻ ട്രസ്റ്റി ബോർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ജൂലൈ 21 നു നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.തെരെഞ്ഞെടുപ്പുകമ്മിറ്റിയുടെ വിജ്ഞ്ജാപനപ്രകാരം   ജൂലൈ 11  നു അംഗത്വം പുതുക്കാനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിൽ അംഗത്വം പുതുക്കാനുള്ള സംഘടനകൾക്ക്കൂടി  അവസരം നൽകണമെന്നായിരുന്നു നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് തത്വത്തിൽ അംഗീകരിച്ച ട്രസ്റ്റിബോർഡ് ഇക്കാര്യത്തിൽ ഉചിതമായ  തീരുമാനം  കൈക്കോള്ളാൻ   തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് നിർദ്ദേശിച്ചു..
തർക്കങ്ങൾ പരിഹരിക്കാനായി ബോർഡിന്റെ നേതൃത്വത്തിൽ 9 അംഗ കമ്മിറ്റിയെ  തെരഞ്ഞെടുത്തിരുന്നു. ഫൊക്കാന പ്രസിഡണ്ട് മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട് , ട്രഷറർ സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, ജോൺ പി. ജോൺ, മറിയാമ്മ പിള്ള, ഫൊക്കാന കൺവെൻഷൻ ചെയർമാൻ  ജോയ് ചാക്കപ്പൻ, ടി.എസ്. ചാക്കോ എന്നിവർ അടങ്ങിയ കമ്മിറ്റി മൂന്ന് തവണ കൂടിയിരുന്നു.
നേരത്തെ, ജൂലൈ 11  നകം  അംഗത്വം പുതുക്കണമെന്ന കമ്മിറ്റിയുടെ  നിർദ്ദേശത്തെ തുടർന്ന് 38 അംഗസംഘടനകൾ അംഗത്വം പുതുക്കുകയും ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇലെക്ഷൻ  കമ്മിറ്റി പ്രഖ്യാപനത്തെ അവഗണിച്ചു കൊണ്ട് ഏതാനും സംഘടനകൾ അംഗത്വം പുതുക്കിയിരുന്നില്ല. അംഗത്വം പുതുക്കാത്ത സംഘടനകൾക്ക് തെരെഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിയുകയില്ല. 2018 ലെ തെരെഞ്ഞെടുപ്പിൽ 36  അംഗ സംഘടനകളാണ് പങ്കെടുത്തിരുന്നതെങ്കിൽ ഈ വർഷം ഇതുവരെ 38 അംഗസംഘടനകൾ പുതുക്കിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമെ  വിജ്ഞ്ജാപനങ്ങൾ പുറപ്പെടുവിക്കുക, രെജിസ്ട്രേഷൻ ഫീസ് വഴങ്ങുക,  ഡെലിഗേറ്റ് ലിസ്റ്റ് അംഗീകരിക്കും തുടങ്ങിയ  തെരഞ്ഞെടുപ്പ് പ്രക്രീയകൾ നടത്താനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക്  മാത്രമാണെന്ന്  21 നു ചേർന്ന ട്രസ്റ്റി ബോർഡ് യോഗം ആവർത്തിച്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വരുന്നതിന് മുൻപ് അംഗ സംഘടനകളുടെ ലിസ്റ്റ് പുതുക്കാനുള്ള അവസരം സെക്രട്ടറിക്കുണ്ടായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് കമ്മിറ്റി  ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ പഴയ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് സെക്രെട്ടറി ചെയ്തത്. എന്നാൽഅംഗത്വം പുതുക്കുന്നതിനുള്ള അവസാന തിയതിയായ   ജൂലൈ 11നകം 38 അംഗസംഘടനകൾ അംഗത്വം പുതുക്കി കഴിഞ്ഞപ്പോൾ മാത്രമാണ് സെക്രട്ടറി പുതിയ അവകാശവാദവുമായി രംഗപ്രവേശം ചെയ്യുന്നത്.എന്നിട്ടും അനുരഞ്ജനത്തിന്റെ പാതയിലൂടെ കാലാവധി നീട്ടിക്കൊടുക്കാൻ ബോർഡ് തയാറാകുകയായിരുന്നു.
തെരഞ്ഞെടുപ്പ്  പ്രക്രീയകൾ തുടങ്ങിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കല്ലാതെ  മറ്റാർക്കും അവകാശമില്ലെന്ന് ട്രസ്റ്റി ബോർഡ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രീയകൾ ആരംഭിച്ച ശേഷം കാലാവധി കഴിഞ്ഞ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായിട്ടെന്നപോലെ നടത്തുന്ന   ഓൺലൈൻ മീറ്റിംഗുകൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും നിർത്തിവയ്ക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഫൊക്കാനയിൽ ആശങ്കയ്ക്ക് വക നൽകുന്ന യാതൊരു ആശയക്കുഴപ്പവും ഇപ്പോൾ നിലവിലില്ലെന്നും ഒരു വര്‍ഷം കൂടി അധികാരത്തിൽ തുടരാൻ കാലാവധി കഴിഞ്ഞ ഭരണ സമിതി കാട്ടിക്കൂട്ടുന്ന നാടകങ്ങൾ ആണ് ഇപ്പോൾ അരങ്ങേറുന്നതെന്നും ട്രസ്റ്റി ബോർഡ് വ്യക്തമാക്കി.
ഫൊക്കാനയെ സ്നേഹിക്കുന്നുവെന്ന് പറയുകയും സത്യവിരുദ്ധമായ പ്രസ്താവനകൾ ഇറക്കി സംഘടനകൾക്ക് അവമതിയും പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുകയും  ചെയ്യുന്നതിൽ നിന്ന് ഇത്തരക്കാർ പിന്തിരിയണമെന്നും ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു.
ഭരണഘടനയിൽ നിക്ഷിപ്തമായിരിക്കുന്ന നിയമപരമായ രീതിയിൽ മാത്രമാണ് ട്രസ്റ്റി  ബോർഡ് ഇതുവരെ തീരുമാനമെടുക്കുന്നത്.അതനുസരച്ച്  വരെ  സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ട്രസ്റ്റി ബോർഡിന്റെ ഉത്തരവാദിത്വം. കൺവെൻഷൻ നടത്തിയതിന്റെ കണക്കുകളും  ട്രസ്റ്റി ബോർഡിന്റെയുൾപ്പെടുയുള്ള  എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്ത് 2019 ഏപ്രിൽ ആറിന്  അറ്റ്ലാന്റിക്ക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ  നടന്ന ജനറൽ ബോഡിയിൽ   അവതരിപ്പിച്ചിട്ടുളളതതാണ്. ഫൊക്കാനയുടെ ഭരണഘടനയുടെ അധികാര പരിധിയിൽ നിന്നുകൊണ്ടുള്ള  ഔദ്യോഗിക  തീരുമാനത്തിലൂടെയായിരുന്നു ട്രസ്റ്റി ബോർഡിന്റെ എക്കാലത്തെയും പ്രവർത്തനം.
 തെരഞ്ഞെടുപ്പ് നടത്താനുള്ള കടമകൾ നിര്‍വ്വഹിക്കുക മാത്രമാണ് ട്രസ്റ്റി ബോർഡ് ചെയ്തിട്ടുള്ളത്.മറിച്ചുള്ള അപവാദം തികച്ചും അടിസ്ഥാന രഹിതമാണ്. ട്രസ്റ്റി ബോർഡിനെതിരെ പ്രസ്താവനകൾ നടത്തി ചില തൽപ്പര കക്ഷികൾ ബോർഡിന്റെ അന്തസിനു കളങ്കം വരുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം പൊതുജനങ്ങൾ മനസിലാക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.അതുകൊണ്ടു ഫൊക്കാനയിൽ  മുൻപ്  പല ഭാരവാഹിത്വം വഹിച്ചിട്ടുള്ളവർ  ഇത്തരം തരം താഴ്ന്ന സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി സംഘടനയെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിയണമെന്നും ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി ഫൊക്കാനയെ മുന്നോട്ട് നയിക്കാൻ  38 അംഗസംഘടനകൾ തയാറാറായിറിക്കൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ചില അംഗസംഘടനകൾ  മാത്രമാണ്  രജിസ്റ്റർ ചെയ്യാനുള്ളത്.  അവരെയും ഉൾപ്പെടുത്തികൊണ്ട്,  അനുരഞ്ജന പാതയിലാണ് എന്നതിനുള്ള തെളിവാണ്  അംഗത്വം പുതുക്കാനുള്ള കാലാവധി നീട്ടണമെന്ന്  ട്രസ്റ്റി ബോർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.. ഇത് ട്രസ്റ്റി ബോർഡ് ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല,മുൻ പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കന്മാരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.
21 നു നടന്ന ബോർഡ് മീറ്റിംഗിൽ ഒമ്പതഅംഗ അനുരഞ്ജന കമ്മിറ്റിയിൽ ഫൊക്കാന മുൻ പ്രസിഡണ്ട് ഡോ. എം. അനിരുദ്ധനെക്കൂടി ഉൾപ്പെടുത്തി  ചർച്ചകൾ തുടരാൻ തീരുമാനിച്ചു.ഈ അനുരഞ്ജനക്കമ്മിറ്റിയിൽ പ്രസിഡണ്ടും സെക്രെട്ടറിയയും അംഗങ്ങളായിരിക്കെ,  പ്രസിഡണ്ട് മാധവൻ ബി. നായർ  തന്നെ അനുകൂലിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു  സമാന്തര കമ്മിറ്റി രൂപീകരിച്ചത് തികച്ചും  നിയമവിരുദ്ധവും  നീതിക്കു നിരക്കാത്തതുമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ്  യോഗത്തിൽ വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി വിനോദ് കെയർക്കേ, അംഗങ്ങളായ ജോൺ പി. ജോൺ, ഡോ. മാത്യു വർഗീസ്,തമ്പി ചാക്കോ, കുര്യൻ പ്രക്കാനം , ബെൻ പോൾ,അലോഷ് അലക്സ് എന്നിവർ പങ്കെടുത്തു.