തിരുവനന്തപുരം : സ്വര്‍ണക്കടത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയാണ് പ്രതികള്‍ ക്‌സ്റ്റംസ് ക്ലിയറന്‍സ് നേടിയിരുന്നതെന്ന് കണ്ടെത്തല്‍. ഇതോടെ കേസിലെ അന്വേഷണം ശക്തമാക്കി. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്. കേസിലെ ഒന്നാം പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരനുമായ സരിത്തിന്റെ സഹൃത്ത് അഖിലില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

അന്വേഷണ വിധേയമായി കസ്റ്റംസ് അഖിലിനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സരിത്തിന്റെ വീട്ടില്‍ നിന്നും കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, സീല്‍ നിര്‍മിച്ച മെഷീന്‍ എന്നിവ കസ്റ്റംസ് കണ്ടെടുത്തു. കസ്റ്റംസ് ക്ലിയറന്‍സ് സ്വന്തമാക്കുന്നതിനായി വ്യാജ രേഖകള്‍ ഇവ ഉപയോഗിച്ച്‌ നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തിനേയും സംഘത്തിനേയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഖിലില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. രണ്ടാമത്തെ കൊറോണ പരിശോധനാ ഫലവും നെഗറ്റീവ് ആയതിന്റെ പശ്ചാത്തലത്തലാണ് സരിത്തിനെ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന് വേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തൃശൂര്‍ കയ്പമംഗലത്തെ ഇയാളുടെ വീട്ടിലെത്തി കസ്റ്റംസ് തെരച്ചില്‍ നടത്തി. ഒന്നര വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് പൂട്ടാനാണ് കസ്റ്റംസ് സംഘം എത്തിയത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കല്‍ താക്കോലുണ്ടെന്ന് അറിഞ്ഞതോടെ തെരച്ചില്‍ നടത്തുകയായിരുന്നു.