ന്യൂജേഴ്‌സി: മലയാളികളെ ഉദ്ധരിക്കാനെന്ന വ്യാജേനെ അവരെ മണ്ടന്മാരാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫൊക്കാനനാഷണൽ കമ്മിറ്റി നേതാക്കന്മാർ സമൂഹമധ്യേ സ്വയം അപഹാസ്യരായിക്കൊണ്ടിരിക്കുകയാണെന്ന് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ജനിച്ചുവളർന്ന മലയാളികളെ ഉദ്ധരിക്കാനെന്നുപറഞ്ഞു നടത്തിക്കൊണ്ടിരിക്കുന്ന കോമാളിത്തരങ്ങൾ മലയാളികൾക്ക് ഏറെ അരോചകത്വം സൃഷിട്ടിക്കുന്നതെന്ന് തുറന്നു പറയാതെ വയ്യെന്നും മനോജ് കൂട്ടിച്ചേർത്തു.

 മുണ്ടന്തു ന്യായങ്ങൾ പറഞ്ഞുകൊണ്ട് ഭരണത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന നിങ്ങൾ സമൂഹമധ്യത്തിൽ സ്വയം അപഹാസ്യരാകുക മാത്രമേ ചെയ്യുകയുള്ളു. ഇനിയെങ്കിലും യാഥാർഥ്യങ്ങൾ മനസിലാക്കി ജനാധിപത്യത്തിന്റെ മാർഗത്തിലേക്ക് മടങ്ങി വരണമെന്നാണ് അമേരിക്കയിലെ മലയാളി ജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 ഇനിയെങ്കിലും ജനാതിപത്യ മര്യാദകൾ എന്തെന്ന് മനസിലാക്കാൻ നിങ്ങൾ തയാറാകണം. ഏതൊരു രാജ്യത്തിനെന്നപോലെ ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിനാധാരം അതിന്റെ ഭരണഘടനയാണ്. ഭരണഘടന നിയമാവലികൾ പാലിക്കപ്പെടേണ്ടത് ഉറപ്പുവരുത്താനാണ് ട്രസ്റ്റി ബോർഡുകൾ നിലവിലുള്ളത്. ഭരണസമിതിയെ രണ്ടു വർഷത്തേക്ക് ഭരിക്കാനായി നിയോഗിക്കപ്പെട്ടവർ കാലാവധി കഴിയുമ്പോൾ ട്രസ്റ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം അടുത്ത ഭരണസമിതിക്ക് അധികാരം കൈമാറണം. അതിനായി അടുത്ത ഭരണ അമിതിയെ നിയമപരമായി തെരഞ്ഞെടുക്കണം. അതിനുള്ള സാഹചര്യമൊരുക്കാൻ ഇപ്പോഴത്തെ ഭരണസമിതി തയ്യാറാകുകയും വേണം.അല്ലാതെ തങ്ങൾക്ക് ഇനിയും ഒരു വർഷംകൂടി ഭരിക്കണമെന്ന് സ്വയം തീരുമാനമെടുക്കാൻ ഒരു പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും അധികാരമില്ലെന്ന് പച്ചവെള്ളം പോലെയുള്ള യാഥാർഥ്യമാണ്. – മനോജ് വ്യക്തമാക്കി.
ഇത് മനസിലാക്കാൻ സാധരണക്കാർക്ക് ‌ പോലും കഴിയും. അല്ലാതെ ഒരു വർഷത്തേക്ക് കൂടി തുടരാൻ ഞങ്ങൾ സ്വയം തീരുമാനിച്ചുവെന്ന് പറയുന്നവർ സ്വേച്ഛാധിപത്യമാണ് പ്രകടിപ്പിക്കുന്നത്.ഇത്തരം പ്രവർത്തികളേ പ്രബുദ്ധരായ അമേരിക്കൻ മലയാളി സമൂഹം പുച്ഛിച്ചു തള്ളുമെന്നും  മനോജ് വാട്ടപ്പള്ളിൽ ചൂണ്ടിക്കാട്ടി.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഏറെ മുൻപന്തിയിൽ നിൽക്കുന്നവർ ആണ് അമേരിക്കൻ മലയാളികൾ എന്ന് ഓർക്കുന്നത് നല്ലതാണ്. നിങ്ങൾ  കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ കണ്ട് ഊറിച്ചിരിക്കുന്ന മലയാളികളോട് നിങ്ങൾ അവരുടെ പ്രതിനിധികൾ ആണെന്ന് സ്വയം അവകാശപ്പെടുമ്പോൾ അധികാരഭ്രമം ബാധിച്ച നിങ്ങളെ ഏറെ പുച്ഛത്തോടെയാണ് അവർ നോക്കി കാണുന്നത് എന്ന യാഥാർഥ്യം മറക്കരുത്.സംഘടനാ പ്രതിനിധികൾ ആയ നിങ്ങളെപ്പോലുള്ളവർ ആദ്യമായി ജനാധിപത്യവും ജനാതിപത്യ മര്യാദയും പാലിക്കേണ്ടതെങ്ങനെയെന്നും പഠിക്കേണ്ടിയിരിക്കുന്നു.- മനോജ് വട്ടപ്പള്ളിൽ പറഞ്ഞു.
 ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കുമെന്ന്  സത്യപ്രതിജ്ഞ ചെയ്‌ത നിങ്ങൾ ഏറ്റുപറഞ്ഞ സത്യവാചകങ്ങൾ ഒരിക്കൽക്കൂടി വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും.അത് മനസിലാക്കി പ്രവർത്തിക്കാൻ തയ്യാറായാൽ പ്രബുദ്ധരായ അമേരിക്കൻ മലയാളികളുടെ ചരിത്രം ഒരുപക്ഷേ, നിങ്ങളെ വഞ്ചകരെന്ന് വിളിക്കാതിരിക്കും.- മനോജ് വ്യക്തമാക്കി.