കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോട്ടയം കടുവാക്കുളം പൂവന്തൂരുത്ത് സ്വദേശി മധുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗമില്ലെന്നു സ്ഥിരീകരിച്ചത്. പൂവന്തുരത്ത് സ്വദേശി മധു ജയകുമാര്‍ (50) ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം 27 ന് ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മധുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറ് പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ രണ്ട് പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.