ബംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇതില്‍ 14 പേര്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 80 വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഏഴരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഈ കുട്ടിയുമായി സമ്ബര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥികള്‍ക്കും രോഗബാധ പകരുകയായിരുന്നു.

കര്‍ണാടകയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് മാത്രം 3911 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുമ്ബ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കര്‍ണാടകയില്‍ ആയിരത്തിലധികം കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1600ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.