വാഷിങ്ടന്‍ ∙ നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ- അന്തര്‍ദേശീയ സാഹചര്യത്തില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് ആക്ഷന്‍ കമ്മിറ്റി സ്ഥാപകന്‍ എ. സി. അമര്‍ പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ട്രംപ് എന്ന മുദ്രാവാക്യം ഉയര്‍ത്തി വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി പ്രചാരണം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം അമേരിക്ക കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ഭീകരരോടുള്ള സന്ധിയില്ലാത്ത സമീപനം, ഇമ്മിഗ്രേഷന്‍ വ്യവസ്ഥകളെ കാലാനുസൃതമായി പരിഷ്ക്കരിക്കല്‍, അന്തര്‍ദേശീയ തലത്തില്‍ സമാധാനം സ്ഥാപിക്കല്‍ എന്നിവ ട്രംപിന് മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

അടുത്ത നാലു വര്‍ഷത്തേക്ക് ട്രംപ് തുടരേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു. ട്രംപ് തുടങ്ങിവെച്ച പുരോഗമന പരിപാടികള്‍ തുടര്‍ന്നാല്‍ മാത്രമേ അമേരിക്കയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കഴിയുകയുള്ളൂവെന്നും കമ്മിറ്റി പ്രസിഡന്റ് അമര്‍ പറഞ്ഞു.