കണ്ണൂര്‍: ജില്ലയിലെ വിവിധ സേനാ ക്യാമ്ബുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജില്ലയിലുള്ള വിവിധ സേനാ വിഭാഗങ്ങളുടെ മേധാവികള്‍ക്ക് ഇക്കാര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതായും കൊവിഡ് അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

സിഐഎസ്‌എഫ് അംഗങ്ങള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മറ്റ് സേനാ ക്യാമ്ബുകളിലും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍മാരില്ലാതെ കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസം പാര്‍പ്പിക്കും. ഈ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഈ കാലയളവില്‍ പറ്റാവുന്ന തൊഴില്‍ ഉടമകളെ കണ്ടെത്തി ഇവരെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം. ലേബര്‍ ഓഫീസിനാണ് ഇതിന്റെ ചുമതല.

ജില്ലയില്‍ സാമ്ബിള്‍ പരിശോധനക്ക് കൂടുതല്‍ സംവിധാനം ആവശ്യമുണ്ടെങ്കില്‍ ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ അറിയിക്കണമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.