ആലപ്പുഴ: എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എല്‍ അശോകനെ ചോദ്യം ചെയ്‌തത്‌. മരിക്കുന്നതിന് മുമ്ബ് മഹേശന്‍ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു.

അതേസമയം, മഹേശന്റെ കത്തുകളിലെ ആരോപണങ്ങള്‍ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. മഹേശന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കുറിപ്പ് എഴുതി വച്ച്‌ മഹേശന്‍ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം.

Tags Vellappally Nateshan KK Maheshan