ന്യൂഡൽഹി: ജനുവരി 26 ന് നടക്കുന്ന 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ത്രിവർണ്ണ പതാകയുടെ മഹത്വം ഉറപ്പാക്കാനും പരിപാലിക്കാനും നിയമങ്ങളുടെ പ്രസക്തമായ വകുപ്പുകൾക്ക് കീഴിലുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു. 

ഇന്ത്യയുടെ ഫ്ളാഗ് കോഡ് 2002, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഹോണർ ആക്റ്റ്, 1971 എന്നിവയെ പരാമർശിച്ച്, സാംസ്‌കാരികവും കായികവുമായ പരിപാടികൾ ഉൾപ്പെടെ പ്രധാനപ്പെട്ട ദേശീയ അവസരങ്ങളിൽ പൊതുജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച ദേശീയ പതാക വീശണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.

പരിപാടിക്ക് ശേഷം പൊതുജനങ്ങൾ ഉപയോഗിക്കുന്ന പേപ്പർ പതാകകൾ ഉപേക്ഷിക്കപ്പെടുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പരസ്യങ്ങളിലൂടെ ഒരു ബഹുജന ബോധവൽക്കരണ പരിപാടി ഏറ്റെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

ഇന്ത്യൻ ഫ്ലാഗ് കോഡ് , 2002 ജനുവരി 26 നാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ ഫ്ലാഗ് കോഡിന് 3 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം ദേശീയ പതാകയുടെ പൊതുവായ വിവരമാണ് നൽകുന്നത്. രണ്ടാം ഭാഗം പൊതു സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദർശിപ്പിക്കണമെന്നും വിവരിക്കുന്നു. മൂന്നാം ഭാഗം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും അവരുടെ ഏജൻസികളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദർശിപ്പിക്കണമെന്നും വിശദീകരിക്കുന്നു.