ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 2027 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടരും. ഇന്ന് രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലിൽ അംഗമായി.

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിമരിച്ച ഒഴിവിൽ രാജീവ് മുകാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞു കിടക്കുകയാണ്. ആറ് വർഷമോ 65 വയസ്സ് തികയുന്ന വരെയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാലാവധി. 

നേരത്തെ നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ നിയമിച്ചിരുന്നു. നവംബര്‍ 22 വരെ ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. രാജീവ് കുമാര്‍ നിരീക്ഷകന്‍ എന്ന നിലയില്‍ കാഠ്മണ്ഡുവിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. ഈ മാസം 20ന് ആണ് നേപ്പാളില്‍ തിരഞ്ഞെടുപ്പ്. ഫെഡറല്‍ പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

പൊതു, അസംബ്ലി തിരഞ്ഞെടുപ്പ് നടത്തിപ്പുകള്‍ നേരിട്ട് മനസിലാക്കാന്‍ മറ്റ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളില്‍ നിന്നുള്ള അംഗങ്ങളെ ക്ഷണിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാമും ഇസിഐക്കുണ്ട്. ‘മറ്റ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായും (ഇഎംബി) അന്താരാഷ്ട്ര സംഘടനകളുമായും/അസോസിയേഷനുകളുമായും ഇടപെട്ട് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലായ്പ്പോഴും മുന്‍പന്തിയിലാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്” ഒരു പ്രസ്താവനയില്‍ ഇസിഐ പറഞ്ഞു.