മംഗളൂരു: മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കര്‍ണാടക പൊലീസ്. കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയിടങ്ങളില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചു. ശിവമോഗ ജില്ലയിലാണ് പരിശോധന നടക്കുന്നത്. തീര്‍ത്ഥഹള്ളിയിലെ നാല് വീടുകള്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ പരിശോധന. 

കേസില്‍ പിടിയിലായ മാസിനെയും യാസിനെയും കഴിഞ്ഞ സെപ്റ്റംബറില്‍ ഭദ്രാവതിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. മംഗളൂരു സ്‌ഫോടനത്തില്‍ മുഖ്യപ്രതിയായ ഷാരിഖ് ഇവര്‍ക്ക് പരിശീലനം നല്‍കിയെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാസിന്റെയും യാസിന്റെയും ഷാരിഖിന്റെ ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തുന്നത്. 

കസ്റ്റഡിയിലെടുത്ത പ്രതികളെ  ചോദ്യം ചെയ്ത് വരികയാണെന്നും ഷാരിഖിനെ ഏത് രീതിയിലാണ് ഇവര്‍ സഹായിച്ചതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു.

ഓട്ടോയില്‍ കയറിയ ശേഷം, പമ്പ്വെല്‍ ഭാഗത്തേക്ക് പോകണമെന്നാണ് പ്രതി ഡ്രൈവറെ അറിയിച്ചത്. അല്ലാതെ ഓട്ടോ ഡ്രൈവറോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പ്രതിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ അബദ്ധത്തില്‍ അത് നാഗൂരിയില്‍ വെച്ച് പൊട്ടിത്തെറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മംഗളൂരു റെയില്‍വേ ജങ്ഷന്‍ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയില്‍ നാഗൂരിയില്‍ വച്ചാണ് വ്യാജ ഐഡി കൈവശം വച്ചതെന്ന് സംശയിക്കുന്ന യാത്രക്കാരന്‍ കയറിയത്. വൈകിട്ട് 5.10ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ തീപിടിച്ച് സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിന് ശേഷം ഓട്ടോറിക്ഷയില്‍ നിന്ന് ഒരു കുക്കര്‍ കണ്ടെടുത്തു.

ഇതിന് പിന്നാലെ ഷാരിഖ് മൈസൂരുവില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗം (എഫ്എസ്എല്‍) സംഘം പരിശോധന നടത്തി. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍ ഇയാളുടെ വീട്ടില്‍ നിന്ന് സംഘം കണ്ടെടുത്തു. ജലാറ്റിന്‍ പൗഡര്‍, സര്‍ക്യൂട്ട് ബോര്‍ഡ്, ചെറിയ ബോള്‍ട്ടുകള്‍, ബാറ്ററികള്‍, മൊബൈല്‍, വുഡ് പവര്‍, അലൂമിനിയം മള്‍ട്ടിമീറ്റര്‍, വയറുകള്‍, മിശ്രിതം ജാറുകള്‍, പ്രഷര്‍ കുക്കര്‍ തുടങ്ങിയ വസ്തുക്കളാണ് എഫ്എസ്എല്‍ സംഘം കണ്ടെടുത്തത്.

ഒരു മൊബൈല്‍ ഫോണ്‍, രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകള്‍, ഒരു വ്യാജ പാന്‍ കാര്‍ഡ്, ഒരു ഫിനോ ഡെബിറ്റ് കാര്‍ഡ് എന്നിവയും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ തയാറാക്കിയിരുന്നതായാണ് സംശയം. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന്‍ മുന്‍ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ശിവമോഗ്ഗ സ്വദേശിയായ ഷാരിഖ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് എത്തിയത്. 2020-ല്‍ ഇയാളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മൈസൂരുവില്‍ വീട് വാടകക്കെടുത്തത്.