ലക്നോ: ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിച്ചെന്ന പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭ സ്പീക്കറുമായ ശിവരാജ് പാട്ടീൽ രംഗത്ത്. കൃഷ്ണന്‍റെ പാഠങ്ങളെ അർജുനൻ ജിഹാദ് എന്ന് വിളിക്കുമോ എന്ന് പാട്ടീൽ ചോദിച്ചു. 

വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ട വീഡിയോയിൽ മാധ്യമപ്രവർത്തകരെ ശകാരിച്ച പാട്ടീൽ, ജിഹാദിന്‍റെ സന്ദേശമാണ് നിങ്ങൾ പറയുന്നതെന്നും കുറ്റപ്പെടുത്തി.

ഇതാണ് ഖുർആൻ ശെരീഫ്, നിങ്ങൾ ആദ്യം കേൾക്കൂ, ദൈവം ഒന്നാണ്, അതിന് രൂപമില്ല, ക്രിസ്തു മതവും യഹൂദ മതവും ഒരേ കാര്യം പറയുന്നു, ദൈവം ഉണ്ട്, പക്ഷേ ഒരു വിഗ്രഹവും ഉണ്ടാകില്ല. ദൈവത്തിന് നിറമോ രൂപമോ ഇല്ലെന്നും ഗീത പറയുന്നു.’-ഖുർആൻ ഉയർത്തി കാണിച്ചു കൊണ്ട് പാട്ടീൽ വിവരിച്ചു.

നിങ്ങൾ മഹാത്മ ഗാന്ധിയെ കൊന്നാൽ അത് ജിഹാദാണ്. അദ്ദേഹത്തെ കൊല്ലുന്നതാണ് ജിഹാദ് എന്നും പാട്ടീൽ ചൂണ്ടിക്കാട്ടി.

ജിഹാദ് ഖുർആനിൽ മാത്രമല്ല, ഗീതയിലുമുണ്ടെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശം ചെയ്ത് സംസാരിക്കവെ ശിവരാജ് പാട്ടീൽ പരാമർശിച്ചത്.

ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാ ശ്രമങ്ങൾക്കും ശേഷവും ആർക്കെങ്കിലും ശുദ്ധമായ ആശയം മനസിലാകുന്നില്ലെങ്കിൽ, അധികാരം ഉപയോഗിക്കാമെന്ന് ഖുർആനിലും ഗീതയിലും പറയുന്നുണ്ട്. മഹാഭാരതത്തിലെ ഗീതയുടെ ഭാഗത്ത് ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിച്ച പാഠങ്ങളുണ്ടെന്നും ശിവരാജ് പാട്ടീൽ ചൂണ്ടിക്കാട്ടി.

ക്രിസ്തുമതത്തിന്‍റെ പുസ്തകങ്ങളിലും ജിഹാദിന്‍റെ സന്ദേശം നൽകുന്നുണ്ട്. താൻ സമാധാനം സ്ഥാപിക്കാനല്ല ഇവിടെ വന്നതെന്നും വാളുമായി വന്നതാണെന്നും യേശു പറഞ്ഞിട്ടുണ്ടെന്നും ശിവരാജ് പാട്ടീൽ കൂട്ടിച്ചേർത്തു.