പട്ന: ജെ.ഡി.യുവിന് ബി.ജെ.പിയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന ആരോപണം തള്ളിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പി.യുമായി ബന്ധമില്ലെങ്കിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തുനിന്ന് ജെ.ഡി.യു എം.പി ഹരിവംശ് നാരായൺ സിങ്ങിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. രണ്ടു തോണിയിൽ കാലിട്ട് നിൽക്കാനാകില്ലെന്നും നിതീഷിനെ പ്രശാന്ത് ഓർമിപ്പിച്ചു.

ബി.ജെ.പി.യുമായോ എൻ.ഡി.എ.യുമായോ ഒരു ബന്ധവുമില്ലെങ്കിൽ നിങ്ങളുടെ എം.പി.യോട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഉപേക്ഷിക്കാൻ പറയുക. എല്ലായ്പോഴും രണ്ടു തോണിയിൽ കാലിട്ട് നിൽക്കാൻ സാധിക്കില്ല’-പ്രശാന്ത് ട്വീറ്റ് ചെയ്തു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി.ക്കെതിരേ ഒരു ദേശീയ സഖ്യം വരുമെന്നാണ് കുറെ ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഇത് സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് പ്രശാന്ത് നേരത്തേ ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. മഹാസഖ്യത്തിനൊപ്പം നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം ഇപ്പോഴും ബി.ജെ.പി.യുമായി ബന്ധം തുടരുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്. അദ്ദേഹം ഇപ്പോഴും രാജ്യസഭയിൽ ജെ.ഡി.യു.വിന്റെ എം.പി.യാണ്. ഇതുവരേ അദ്ദേഹം തന്റെ പാർട്ടിയോ പദവിയോ ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കാൻ പറഞ്ഞിട്ടുമില്ല-പ്രശാന്ത് കിഷോർ പറയുന്നു.