കൊച്ചി: കൊച്ചിയില്‍ മെട്രോ സ്റ്റേഷനില്‍  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യ വേദിയും രംഗത്ത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്.

വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം  മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ബിജെപി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സ്റ്റേഷനകത്ത് കയറി ചിത്രത്തിനു മുകളില്‍ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ ,കെ.എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ സ്റ്റേഷൻ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലേക്ക് ഹിന്ദു ഐക്യവേദി  പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സ്റ്റേഷനു മുന്നില്‍ പൊലീസ് തടഞ്ഞു. ഓരോ സ്റ്റേഷനിലും ഓരോ വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങളും ചെറു വിവരണങ്ങളുമെന്നതാണ്  കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ തുടരുന്ന രീതി. ഇതിന്‍റെ ഭാഗമായാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യൻ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്‍റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് മലബാര്‍ കലാപത്തിന്‍റെ വിവരണവും ചിത്രങ്ങളും സ്റ്റേഷനില്‍ സ്ഥാപിച്ചത്.