മലപ്പുറം: മലപ്പുറത്ത് സംസ്ഥാന പാത വികസനത്തിന്‍റെ പേരിലും മരം മുറിച്ച് പക്ഷികളെ കൊന്നൊടുക്കി. മേലാറ്റൂരിലാണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ മരം മുറിച്ചു മാറ്റിയത്. നിരവധി പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉപ കരാറുകാരനെതിരെ കേസെടുത്തെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഡബ്ലുഡി എഞ്ചിനിയറോടും വിശദീകരണം തേടും. അനുമതിയുടെ മറവില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസ് എക്ലൂസീവ്.

ദേശീയ പാതയില്‍ മാത്രമല്ല സംസ്ഥാന പാത വികസനത്തിലുമുണ്ട് നിയമം ലംഘിച്ചുള്ള മരം മുറി. മലപ്പുറത്ത് സംസ്ഥാന പാത വികസനത്തിന്‍റെ പേരിലും സംരക്ഷിത പക്ഷികളെ കൊന്നൊടുക്കുന്ന മരം മുറി നടന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. നിലമ്പൂരിനെയും പെരുമ്പിലാവിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ മേലാറ്റൂര്‍ ടൗണിന് സമീപമാണ് വനം വകുപ്പിന്റെ അനുമതിയില്ലാത്ത മരം മുറിച്ചത്. ഈ മരത്തിലും സംരക്ഷിത വിഭാഗത്തില്‍പ്പെട്ട നിരവധി പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. രാത്രിക്ക് രാത്രി ഇതെല്ലാം എടുത്തുമാറ്റി. സംഭവത്തില്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഉപകരാറുകാരനെതിരെ കേസെടുത്തു. പിഡബ്ലുഡി വിഭാഗത്തിന് ഹാജരാകാന്‍ അടുത്ത ദിവസം നോട്ടീസ് നല്‍കും. മലപ്പുറത്ത് വിവിധ റോഡുകളുടെ വികസനത്തിനായി രണ്ടായിരത്തി അ‌ഞ്ഞൂറോളം മരങ്ങള്‍ മുറിച്ചു മാറ്റാനാണ് വനം വകുപ്പ് അനുമതി നല്‍കിയത്. ഇതിന്‍റെ മറവില്‍ വന്‍ കൊള്ളയും പ്രകൃതിചൂഷണവും നടന്നെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ പിഡബ്ലുഡി എഞ്ചിനിയറോട് വിശദീകരണം തേടും.