തിരുവനന്തപുരം: കർക്കടക വാവുദിനത്തിൽ ബലിതർപ്പണമായി ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ ആളുകൾ എത്തിയതായി അധികൃതർ. വർക്കലയിലാണ് ഏറെപ്പേർ എത്തിയത്. ശംഖുമുഖത്ത് ജില്ലാ കളക്ടർ ബലിതർപ്പണങ്ങൾക്ക് നിരോധനം ഉത്തരവായ സാഹചര്യത്തിലാണ് വർക്കലയിൽ ഇത്രയും ആളുകൾ എത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വർക്കലയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. കൊല്ലം കാപ്പിൽ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തീരദേശത്തു കൂടിയുള്ള പ്രത്യേക പാതയും കൊല്ലം പാരിപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാരിപ്പള്ളി മുക്കട ചാവർകോട് വഴിയും തിരുവനന്തപുരം തുമ്പ പെരുമാതുറ ഭാഗങ്ങളിൽ നിന്ന് കടയ്ക്കാവൂർ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പ്രത്യേക പാതയും ആറ്റിങ്ങൽ കിളിമാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കല്ലമ്പലം പുത്തൻചന്ത വർക്കല മെയിൻ പാതയും ഉൾപ്പെടെ പ്രത്യേക റൂട്ടുകൾ ഒരുക്കി.

പത്രസമ്മേളനം നടത്തി വേണ്ടത്ര പ്രചാരണം നൽകുകയും പൊലീസും ഫയർഫോഴ്സും ഹെൽത്ത് സർവീസുമായി ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങളാണ് വർക്കല പൊലീസ് നടത്തിയത്. റേഞ്ച് ഡിഐജി നിശാന്തിനി വർക്കലയിലെത്തി നേരിട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തി. റേഞ്ച് ഐജി പി പ്രകാശന്റെ നിർദ്ദേശപ്രകാരം 700 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് കുറ്റമറ്റ രീതിയിൽ കഴിഞ്ഞവർഷത്തെക്കാളും മികച്ച രീതിയിൽ ഒരുക്കം സജ്ജീകരിച്ചത്.  വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലാണ് പനാശത്തുള്ള ബലിതർപ്പണം യാതൊരുവിധ അനിഷ്ട സംഭവങ്ങളും കൂടാതെ പൂർത്തിയാക്കിയത്. മാല മോഷണങ്ങളോ പിടിച്ചുപറിയോ ട്രാഫിക് അപകടങ്ങൾ ഒന്നും തന്നെ കൂടാതെ പാപനാശത്തെ കൂടുതൽ ആൾക്കാർ പങ്കെടുത്ത ബലിതർപ്പണം പൂർത്തിയാക്കിയത് പൊലീസിന് ഒരു പൊൻ തൂവലാണെന്ന് ദേവസ്വം ബോർഡ് അധികൃതർ അഭിപ്രായപ്പെട്ടു.