ന്യൂഡൽഹി: കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചു. തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണിത്.

മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി മെയ് മാസം 20 ന് നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചു. കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിൽ ജീവപര്യന്തം ശിക്ഷ വെട്ടി കുറച്ചുവെങ്കിലും, പിഴ ഒഴിവാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ആരോപിച്ചാണ് ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 22 വർഷത്തിന് ജയിൽ മോചനത്തിന് വഴിയൊരുക്കുന്ന ഇടപെടൽ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മോചനം മാത്രം യാഥാർഥ്യമാകുന്നില്ലെന്നും ഉഷ സമർപ്പിച്ച ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഹർജി ഉടൻ തന്നെ കോടതി പരിഗണിക്കാനാണ് സാധ്യത.